banner image

ഉമ്മൂമ്മക്ക് പെരുത്ത് ഇഷ്ട്ടായി !!

( കുറച്ച് മുന്നേ കുറച്ചിട്ടതാണ് ബ്ലോഗിലേക്ക് മാറ്റി എഴുതാൻ സ്വൽപം വൈകിപ്പോയി )              



                                  നാഷണൽ സർവീസ് സ്കീമിന്റെ പതിവ് പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ശനി ( 12 August , 2017 ) ഞങ്ങൾക്ക് സമ്മാനിച്ചത് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. പലിയേറ്റീവ് ഗ്രൂപ്പിന്റെ ഹെഡ് അശ്വതിയുടെ ഹോം കെയറിനായുള്ള ക്ഷണത്തിന് ഞങ്ങൾ കുറച്ച് പേർ താൽപര്യം പ്രകടിപ്പിച്ചതുംവൈകാതെ എന്നെയും എൻ്റെ കൂട്ടുകാരി ഹരിഷിതയെയും വെള്ളമുണ്ട പാലിയേറ്റിവ് യൂണിറ്റിലേക്ക് തിരഞ്ഞെടുത്തതുമാണ് ഞങ്ങൾക്ക് ഈ  ദിനത്തെ വിത്യസ്തമാക്കിത്തന്നത്.

         വൈകാതെ യൂണിറ്റിലെത്തിയ ഞങ്ങൾ നഴ്സുമാരായ ലില്ലി ആന്റി , സക്കീനത്ത ,യൂണിറ്റിലെ മറ്റു അംഗങ്ങൾ ചന്ദ്രേട്ടൻ മജീദ്ക്ക നൗഫൽ ഇക്ക എന്നിവരോടൊപ്പം ഹോം കെയറിനായി തിരിച്ചു.

     ആദ്യം ഖദീജത്തയുടെ വീട്ടിലേക്ക് ,

           " മക്കളുടെ പഠിത്തത്തിന്റെ തിരക്കിനിടയിലും ഇവരോടൊപ്പം ഉമ്മൂമാനെ കാണാൻ വന്നല്ലോ ... !! ഉമ്മൂമ്മക്ക് പെരുത്ത് ഇഷ്ട്ടായി !! "

       സക്കീനത്തയോടൊപ്പം കാലിലെ മുറിവ് വൃത്തിയാക്കി കെട്ടികൊടുക്കുന്നതിനിടെ നിറപുഞ്ചിരിയോടെ ഖദീജത്ത ഞങ്ങളോടായി പറഞ്ഞു !! പിന്നെയും ഒരുപാട് സ്നേഹവാക്കുകളും കൊണ്ട് ഖദീജത്ത ഞങ്ങളെ യാത്രയാക്കി.

    ഇരുപതാം വയസ്സിൽ മരത്തിൽ നിന്ന് വീണ് അരയ്ക്കുമീതെ തളർന്നുപോയ റോയ് ചേട്ടന്റെ വീട്ടിലോട്ടായിരുന്നു അടുത്തതായി പോയത്.
    ചേട്ടന്റെ വീടിനോട് ചേർന്ന് ഒരു കൊച്ചു കട പാലിയേറ്റിവ് യൂണിറ്റ് നിർമിച്ച് കൊടുത്തിട്ടുണ്ട്. കടയുടെ ഉദ്ഘാടനം ഈ ആഴ്ച തന്നെ നടത്താം എന്ന പ്രതീക്ഷയിലാണ് റോയ് ചേട്ടനും പാലിയേറ്റിവ് യൂണിറ്റും, യൂണിറ്റിന്റെ ഇന്നത്തെ വരവിന്റെ  ഉദ്ദേശ്യ൦ കടയുടെ ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങളും കൂടെ തീരുമാനിക്കുക കൂടെയാണ്. മരുന്നും മറ്റും നൽകി റോയ് ചേട്ടനോടും കുടുംബത്തോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഞങ്ങൾ ഇറങ്ങി.

     "ഹൗളയ്ക്കക്ക് അസുഖം കൂടുതലായിട്ടുണ്ട് , നിങ്ങൾ ഉടനെത്തന്നെ വീട്ടിൽ എത്തണം ... !!! " റോയ് ചേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിയേ കൂടെയുണ്ടായിരുന്ന ലില്ലി ആന്റിയുടെ ഫോണിലേക്കുള്ള കാൾ !!

       "പാർക്കിൻസൺസ് " എന്ന അസുഖം ബാധിച്ച് ശരീരപേശികൾ അനക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഹൗളക്ക എന്ന അബ്ദുള്ള ഇക്ക. വീട്ടിൽ കയറിച്ചെന്നപ്പോൾ കുറച്ചധികം ആളുകളുണ്ട് വീട്ടിൽ , അസുഖം കൂടിയതറിഞ്ഞ് വന്ന അയൽവാസികളായിരുന്നു അവർ. അകത്ത് ചെന്നപ്പോൾ വായിൽ കഫം നിറഞ്ഞ് തുപ്പിക്കളയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇക്ക. ഞങ്ങൾ ഇക്കയെ പിടിച്ച് ഇരുത്തുകയും വായ മൊത്തം വൃത്തിയാക്കിയ ശേഷം മരുന്നും ഭക്ഷണവും കൊടുത്തു .ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ ചിലവിട്ടു, ഇക്കക്ക് ഏറെ ആശ്വാസം ആയപ്പോൾ അവിടെനിന്നും ഞങ്ങൾ ഇറങ്ങി.
 ( പിന്നീട് ഹോം കെയറിന് പോയ എൻ്റെ  കൂട്ടുകാരിൽ നിന്ന്  അറിയാൻ കഴിഞ്ഞത് ഞങ്ങൾ സന്ദർശിച്ച അന്ന് രാത്രി തന്നെ ഹൗളക്ക നമ്മെ വിട്ട് പോയി എന്ന വാർത്തയാണ് ! നാഥൻ അദ്ദേഹത്തിൻറെ പാപങ്ങൾ പൊറുത്ത് മാപ്പാക്കി സ്വർഗീയ ജീവിതം കൊണ്ട് അനുഗ്രഹിക്കട്ടെ . . . ആമീൻ )

" ഷീറ്റ് കൊണ്ട് മറച്ച , ഓല മേഞ്ഞ ഒരു കുഞ്ഞു കൂര !! " കൂരയോട് ചേർന്ന് തന്നെ ഒരു ചെറിയ വീട് വെക്കാൻ പാകത്തിനുള്ള ഒരു തറ, ഇവിടെ ആദിവാസി ഗോത്രത്തിൽ പെട്ട കാവലൻ ചേട്ടനാണ് താമസം പഞ്ചായത്തിലെ ഒരു പദ്ധതി പ്രകാരം പുതുതായി വീട് വെക്കാൻ പോകുന്നതും കാവലൻ ചേട്ടനു തന്നെയാണ് . ഏതാണ്ട് ഒന്നര മാസത്തിനു മുന്നേയാണ് കാലിൽ എന്തോ പ്രത്യേകതരം മുറിവുകളുമായി ചേട്ടനെ യൂണിറ്റ് പ്രവർത്തകർ കാണാൻ ഇടയായത്. ചേട്ടൻ വളരെ സന്തോഷത്തിലാണ്,കാലിലെ മുറിവുകളെല്ലാം ഉണങ്ങി ബേധമാവാറായി. ഓയിൻറ്മെന്റ് ഉം മറ്റു മരുന്നുകളും ചേട്ടനെ ഏൽപ്പിച്ചു. ചേട്ടന്റെ കൂരയും പരിസരവും അടിച്ച് വൃത്തിയാക്കാനും ചേട്ടൻ വല്ലതും കഴിച്ചോന്നറിയാൻ കൂരയിൽ കയറി പാത്രങ്ങളിൽ തിരയാനും മനസ്സുകാണിച്ച ലില്ലി ആന്റി യാത്രയിലുടനീളം ഞങ്ങൾക്ക് മാതൃകയായിരുന്നു.

വാർദ്ധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന തങ്കമ്മ ചേട്ടത്തി,മൊയ്ദീൻ ഇക്ക,അബ്ദുള്ള ഇക്ക എന്നിവരെ കൂടെ സന്ദർശിക്കാനും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും ഞങ്ങൾക്ക് കഴിഞ്ഞതും ഞങ്ങളുടെ ഹോം കെയറിന്റെ പൊലിപ്പ് കൂട്ടി.
തങ്കമ്മ ചേട്ടത്തി ഞങ്ങളെ കണ്ടതിലുള്ള സന്തോഷം കരഞ്ഞ് പ്രകടിപ്പിക്കുകയും ഒപ്പം സ്നേഹവാക്കുകളെ കൊണ്ട് ഞങ്ങളെ കരയിപ്പിക്കുകയും കൂടെ ചെയ്തതോടെ സംഭവം ബഹുകേമമായി.
" ചേട്ടത്തിയെ കാണാൻ വീണ്ടും ഞങ്ങൾ വരാം " ഞങ്ങൾ തങ്കമ്മചേട്ടത്തിയുടെ വീട്ടിൽ നിന്നും മടങ്ങി.

  " ഈ ലോകത്ത് നാം അഹങ്കരിക്കുന്ന അത്രയൊന്നും നമ്മളൊന്നും ഇല്ലെന്ന് തിരിച്ചറിയാനും ഇത്രയും അസുഖ ബാധിതരോടൊപ്പം കുറച്ച് സമയം ചെലവിടാനും സാധിച്ച സന്തോഷത്തിനും ഒപ്പം ഇനിയും എന്തൊക്കെയോ സമൂഹത്തിനായി ചെയ്യാനുണ്ടെന്ന് ബോധ്യപ്പെടുത്താനും കാരണമായ ഈയൊരു ദിനം സമ്മാനിച്ച വെള്ളമുണ്ട പാലിയേറ്റിവ് യൂണിറ്റിന്റെ ഭാരവാഹികളോടും മറ്റു ഓരോരുത്തരോടും മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ മാനന്തവാടിയിലെ താമസസ്ഥലങ്ങളിലേക്ക് മടങ്ങി.                                                        
ഉമ്മൂമ്മക്ക് പെരുത്ത് ഇഷ്ട്ടായി !! ഉമ്മൂമ്മക്ക് പെരുത്ത് ഇഷ്ട്ടായി !! Reviewed by Unknown on 12:43 AM Rating: 5

No comments:

Note: Only a member of this blog may post a comment.

Powered by Blogger.